കൊച്ചി: കേരള പൊലിസ് സൈബര്‍ഡോം സംഘടിപ്പിക്കുന്ന പാന്‍ ഇന്ത്യ മള്‍ട്ടിസിറ്റി ഹാക്കത്തണ്‍-ഹാക്ക് കെപി 2026 ആദ്യ മൂന്നുഘട്ടങ്ങള് പൂര്‍ത്തിയാക്കി അന്തിമഘട്ടത്തിലേക്ക്. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതിക രംഗത്തെ പ്രഫഷണലുകള്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന് ആധുനിക പൊലിസിംഗിനും സൈബര്‍സുരക്ഷാ വെല്ലുവിളികള്‍ക്കും നൂതന സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ദേശീയതല വേദിയാണു ഹാക്ക് കെപി 2026 .
ഏജന്റിക് എഐ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍സ്- ഫ്രം എവിഡന്‍സ് ടു ഇന്റലിജന്‍സ് എന്നതാണു പ്രമേയം. സൈബര്‍ ഇടങ്ങളിലെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഏജന്റിക് എഐ പ്രയോജനപ്പെടുത്തുക എന്നതിനാണ് ഈ വര്‍ഷം പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ഹാക്ക് കെപി 2026 ന്റെ അന്തിമഘട്ടമായ മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ബൂട്ട് ക്യാന്പ് ആറു മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. ആറിന് സംസ്ഥാന പൊലിസ് മേധാവി റവഡ എ. ചന്ദ്രശേഖര്‍ ബൂട്ട് ക്യാന്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൈബര്‍ ഓപ്പറേഷന്‍സ് എഡിജിപി പി. വിജയന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി. പ്രകാശ്, കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍, സൗത്ത് സോണ്‍ ഐജി ആര്. നിശാന്തിനി, കൈന്‍ഡ് റെഡ് ടെക് സിഇഒ ബ്രീ ആറ്റ്കിന്സണ്, സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് എന്നിവര്‍ പങ്കെടുക്കും.
ഒന്‍പത്, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന കൊക്കൂണ്‍ 2026 സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങില്‍ ഹാക്ക് കെപി 2026 മത്സരവിജയികളെ പ്രഖ്യാപിക്കുകയും സമ്മാനത്തുക വിതരണം ചെയ്യുകയും ചെയ്യും.